എന്റെ സുഹൃത്തേ, "നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും" (സങ്കീർത്തനം 23:6). മറ്റൊരു വിവർത്തനത്തിൽ, "നന്മയും സ്നേഹവും നിങ്ങളെ പിന്തുടരും" എന്ന് പറയുന്നു. ദൈവത്തിന്റെ കാരുണ്യം, ജനങ്ങളുടെ കാരുണ്യം, നിങ്ങളുടെ കുടുംബാംഗങ്ങളുടെ കാരുണ്യം, നിങ്ങളുടെ ശത്രുക്കളുടെ കാരുണ്യം പോലും നിങ്ങൾക്ക് ലഭിക്കും. ഭയപ്പെടേണ്ട. നന്മ വരും! സങ്കീർത്തനം 100:5 പറയുന്നു, "യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു." എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു എന്ന് യാക്കോബ് 1:17 നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരു ഇരുട്ടും നിങ്ങളിലേക്ക് വരാൻ അവൻ ഒരിക്കലും അനുവദിക്കില്ല.

നിങ്ങളുടെ ജീവിതത്തിൽ എല്ലാം വെളിച്ചം നിറഞ്ഞതായിരിക്കും. മത്തായി 7:11-ൽ യേശു പറയുന്നു, "അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!" തീർച്ചയായും ദൈവം നിങ്ങൾക്ക് നല്ല ദാനങ്ങൾ നൽകും. ദൈവം നിങ്ങൾക്ക് നന്മ ചെയ്യുന്നത് അവസാനിപ്പിക്കുകയില്ല എന്ന് യിരെമ്യാവ് 32:40 പ്രഖ്യാപിക്കുന്നു. ഈ വർഷം മുഴുവൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു.

അവന്റെ നന്മയും കരുണയും നമ്മെ പിന്തുടരുന്നു. "നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു" എന്ന് വിലാപങ്ങൾ 3:22 പറയുന്നു. പാപത്തിന് നമ്മെ വിഴുങ്ങാൻ കഴിഞ്ഞില്ല. രോഗങ്ങൾക്ക് നമ്മെ വിഴുങ്ങാൻ കഴിഞ്ഞില്ല. ദുഷ്ടന്മാർക്ക് നമ്മെ വിഴുങ്ങാൻ കഴിഞ്ഞില്ല. പിശാചിന് നമ്മെ വിഴുങ്ങാൻ കഴിഞ്ഞില്ല. ദൈവസ്നേഹം കൊണ്ടും ദൈവത്തിന്റെ കാരുണ്യം കൊണ്ടും നാം പൂർണ്ണജയം പ്രാപിക്കുന്നു. ഈ വർഷം എല്ലാ ദിവസവും രാവിലെ അവന്റെ കരുണ പുതിയതായിരുന്നു, അത് പുതുവർഷത്തിലും നിങ്ങളിലേക്ക് വരും. നമുക്ക് കർത്താവിനെ സ്തുതിക്കാം. കർത്താവിനെ സ്തുതിക്കാൻ നമുക്ക് കുറച്ച് നിമിഷങ്ങൾ ചെലവഴിക്കാമോ?

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, എല്ലാ ദിവസവും എന്നെ അനുഗമിക്കുന്ന അങ്ങയുടെ നന്മയ്ക്കും കരുണയ്ക്കും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. കർത്താവേ, അങ്ങ് എന്നെ കാക്കുന്നതിനാൽ ഞാൻ നശിച്ചുപോകില്ല. പാപത്തിൽ നിന്നും രോഗത്തിൽ നിന്നും തിന്മയിൽ നിന്നും എന്നെ അകറ്റിനിർത്തിയതിന് നന്ദി. എന്റെ ജീവിതത്തിലെ എല്ലാ ഇരുട്ടുകളും അകറ്റിയ അങ്ങയുടെ വെളിച്ചത്തിന് നന്ദി. ഞാൻ പുതുവർഷത്തിലേക്ക് ചുവടുവെക്കുമ്പോൾ, അങ്ങ് എന്നോട് നന്മ ചെയ്യുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഞാൻ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു. അങ്ങയുടെ പരിപൂർണ്ണമായ പ്രതിഫലവും സ്വർഗ്ഗത്തിൽ നിന്നുള്ള ദാനങ്ങളും കൊണ്ട് ദയവായി എന്റെ ജീവിതം നിറയ്‌ക്കേണമേ. കർത്താവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു, അങ്ങിൽ എന്നേക്കും ആശ്രയിക്കുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ, ആമേൻ.